Saturday, March 26, 2011

wc 2011- part 3


India vs windies chennai

      ചെന്നൈയില്‍ എല്ലാവരുമുണ്ടായിരുന്നു. പക്ഷെ ആരും പരസ്പരം കണ്ടില്ല. ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്ന ആവേശങ്ങളില്‍ മുഖം അപ്രസക്തമാണ്. ഒരര്‍ഥത്തില്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആവേശങ്ങള്‍ ഏകപക്ഷീയമാണ്. പ്രതിപക്ഷ ബഹുമാനമില്ലാത്ത ദേശീയത. താരജീവിതങ്ങള്‍ തോറ്റുമടങ്ങുന്പോള്‍ നന്നായൊന്ന് കൂവാന്‍ പോലുമാവത്തവര്‍. ഒരു പക്ഷെ പ്രതിഷേധിച്ച് തുടങ്ങിയാല്‍ പരിധിവിട്ടു പോവുമെന്നറിയുന്നതുകൊണ്ടാവാം ഈ സംയമനം.
     ആദ്യം വിളിച്ചത് ശ്യാമാണ്. അവന്‍റെ ശബ്ദത്തിലാരോ ഒളിച്ചിരിപ്പുണ്ടെന്ന് എനിക്ക് തോന്നി. ആരുടെയോ മടിയില്‍ ചാരിയാണ് അവന്‍ വിളിക്കുന്നത്, ഒരു പക്ഷെ ഇടയ്ക്ക് അവളവനെ നുള്ളുന്നുണ്ടാവാം. കഴിഞ്ഞ കോളിലെ പെണ്‍ശബ്ദമിപ്പോഴും എന്നില്‍ നിന്നിറങ്ങിപ്പോയിട്ടില്ല.
     ശ്യാം യുവരാജിന്‍റെ സെഞ്ചുറിയിലെ പക്വതയെക്കുറിച്ച് പറഞ്ഞു. വിന്‍ഡീസ് 2 വിക്കറ്റിന് 140 റണ്‍സെന്ന നില‍യില്‍ നില്‍ക്കെ അവന്‍ ചെപ്പോക്ക് വിട്ടു. ഇന്ത്യ തോല്‍ക്കുമെന്ന് അവന് തോന്നികാണും.
കളിക്കിടെയാണ് ഗായത്രിയും വിളിച്ചത്.
‘ കളി പറയാനല്ല...പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം.
നമുക്കൊരെണ്‍പത് വയസാവുന്പോള്‍ എങ്ങനെയുണ്ടാവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ ?
നിന്‍റെ തലയില്‍ ഒരേഴ മുടികാണില്ല. പല്ലുമുണ്ടാവില്ല. ഇപ്പഴെ ഇത് രണ്ടുമില്ലല്ലോ, ഞാന്‍ എന്‍റെ രണ്ടാം ജന്‍മത്തിലായിരിക്കും."
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എനിക്കെന്തോ അവളെ രസിച്ചില്ല.
വിന്‍ഡീസിന്‍റെ ആറാം വിക്കറ്റും വീണതോടെ ജയമുറപ്പിച്ച് ശ്രീവല്‍സ് മേനോന്‍ മെസേജ് അയച്ചു
My predictins
‘ Quarter
india x australi - india
windies X pakisthan - pakisthan
srilanka x england - srilanka
south africa x newzland - south africa
semi
india x pakisthan - india
srilanka x south afria - srilanka
Final
india x srilanka - india.

ശ്രീവല്‍സ് മേനോന്‍റെ ശുഭാപ്തിവിശ്വാസം ഫലിക്കട്ടെ. നവീനിന്‍റെ ക്രിക്കറ്റ് ചിന്തകള്‍
കടമെടുത്താണ് ശ്രീവല്‍സ് പറയുന്നതെന്നുറപ്പ്.

‘ What about priyamvadha ? "
       
       എന്‍റെ മെസേജിന് മറുപടി വന്നില്ല. പ്രിയംവദയ്ക്കൊപ്പമുള്ള ശ്രീവല്‍സ് മേനോന്‍റെ നിമിഷങ്ങളെ വേറിട്ട് നിര്‍ത്തി ചിന്തിക്കാന്‍ എനിക്ക് തോന്നിയില്ല. ചില ഭാവനകളുടെ മുടിത്തുന്പുകള്‍ കള്ളം പറയും. ലോകകപ്പ് കഴിയട്ടെ ശ്രീവല്‍സ് എല്ലാം പറയും.
        ക്വാര്‍ട്ടര്‍ ഫൈനല്‍ ലിസ്റ്റായിട്ടും അശോക് അങ്കിള്‍ വിളിച്ചില്ല. ചെന്നൈയില്‍ മായമ്മയ്ക്കും അങ്കിളിനും ഒരുപാട് പരിചയങ്ങളുണ്ട്. തിരക്കില്‍ Capslock മറന്നുകാണണം.
ഗായത്രിയുടെ കോള്‍ പാതിവച്ച് മുറിച്ചത് ശരിയായില്ലെന്ന് തോന്നി. തിരിച്ച് വിളിച്ചു.

   ‘ കടലടങ്ങിയോ ?, എന്തെ തിരിച്ചുവിളിച്ചു, ഞാന്‍ തുടരണോ ?
നിനക്കെഴുതാന്‍ വേണ്ടി ഒരു കൂട്ടമാളുകളെ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. കഥയില്‍ നഷ്ടപ്പെടാതെ നോക്കുമെന്നുറപ്പുണ്ടെങ്കില്‍ പറയാം. ക്വാര്‍ട്ടര്‍ ഫൈനലിന് മുന്പുള്ള ഒഴിവു ദിവസങ്ങളില്‍‍ ഞാന്‍ ചെന്നൈയില്‍വെറ്ററന്‍സ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നുണ്ട്. ഒരുപാട് അപ്പൂപ്പന്‍മാരുണ്ട് എന്‍റെ കൂടെ. അകന്നുപോയ കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരു കൊച്ചു ഗ്രൗണ്ടൊരുക്കിയിട്ടുണ്ട്.
   എന്‍റെ എ.ടി.എം തീര്‍ന്നിട്ടില്ലെങ്കില്‍ ഞാന്‍ പറയുന്ന എക്കൗണ്ട് നന്പറിലേക്ക് നീ കുറച്ച് പണം അയയ്ക്കണം ഒരു ത്രീ ലാക്ക് . എന്തിനാണെന്ന് ഇപ്പോള്‍ ചോദിക്കരുത്. ഞാന്‍ നന്പര്‍ മെസേജ് ചെയ്യാം."
അവള്‍ ഫോണ്‍ കട്ട് ചെയ്ത് ഒരു ബാങ്ക് എക്കൗണ്ട് നന്പര്‍ അയച്ചു.
കൂടെ കുമാര കപുേഗദരയെന്ന പേരും. ശ്രീലങ്കയിലിരിക്കുന്ന കപുഗേദരയ്ക്ക് ഗായത്രി
പണം അയക്കുന്നതെന്തിനാണെന്ന സംശയത്തില്‍ കഴന്പില്ല. ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തുന്പോള്‍ അവളുടെ കയ്യില്‍ ഒന്നുമുണ്ടാവില്ല. സന്പാദ്യമെന്ന കണ്‍സെപ്റ്റില്‍ അവള്‍ വിശ്വസിക്കുന്നില്ല. റൂമില്‍ നിന്നിറങ്ങി എ.ടി.എം എക്കൗണ്ടില്‍ എത്രരൂപയുണ്ടെന്ന് ചെക്ക് ചെയ്തു.
പന്ത്രണ്ട് ലക്ഷത്തില്‍ എണ്‍പതിനായിരത്തിയഞ്ഞൂറ്
..............................

No game....but

        വെറുതെയിരിക്കുന്പോള്‍ എന്തെങ്കിലും വായിക്കുന്ന ശീലമുണ്ടായിരുന്നു. പക്ഷെ എഴുതുന്നത് കൊണ്ട് ഇപ്പോള്‍ വായനയില്ല.

‘ നീ ചേതന്‍ ഭഗത്തിന്‍റെ Two states വായിച്ചുട്ടുണ്ടോ ?"

   ശ്യാം പുലര്‍ച്ചെ വിളിച്ച് ചേതന്‍ ഭഗത്തിന്‍റെ ഏറ്റവും പുതിയ നോവലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കുന്ന് സംശയങ്ങള്‍ എന്നെ വന്നു മുട്ടി. ജീവിതത്തിലാദ്യമായാണ് അവനെന്നോട് ഒരു പുസ്തകത്തെക്കുറിച്ച് ചോദിക്കുന്നത്. ചേതന്‍ ഭഗത്തും ശ്യാമും തമ്മിലെന്ത് ബന്ധം

‘ ഞാനിപ്പോള്‍ ഡല്‍ഹിയിലെ ഗുലാബി റസ്റ്റോറന്‍റിലാണ്, പഞ്ചാബി മഞ്ചൂരി ഓര്‍ഡര്‍ ചെയ്തു. നയനയുടെ പിക്കാണ്. sorry നയനയെ പരിചയപ്പെട്ടില്ലല്ലോ She is from punjab. യുവരാജിന്‍റെ നാട്ടുകാരി. "
ശ്യാമിന്‍റെ പ്രായം കണക്കിലെടുക്കുന്പോള്‍ അവന്‍റെ കൗതുകങ്ങള്‍ എങ്ങോട്ടാണ് വളരുന്നതെന്ന് എനിക്ക് ഊഹിക്കാം. ഒരു പെണ്‍ സൗഹൃദത്തിന്‍റെ സ്പന്ദനം കേട്ടിരിക്കാന്‍ എന്തുകൊണ്ടോ എനിക്ക് താല്‍പര്യം തോന്നിയില്ല. പക്ഷെ അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു.

‘ നയന ചേതന്‍ ഭഗത്തിന്‍റെ Two states വായിച്ചുണ്ടോയെന്ന് എന്നോട് ചോദിച്ചു.
ഞാനറിഞ്ഞിടത്തോളം അതൊരു പ്രണയകഥയാണ്, പഞ്ചാബിയായ കാമുകന്‍ തമിഴ്നാട്ടുകാരിയായ കാമുകി"
പ്രണയത്തെക്കുറിച്ച് പറയുന്പോള്‍ നീയെന്തിനാണ് താരതമ്യങ്ങളിലേക്ക് നോക്കുന്നത്. മനസിനെ മുഖത്തോട് ചേര്‍ത്ത് പിടിച്ച് ചങ്കൂറ്റത്തോടെ ഇഷ്ടമാണെന്ന് പറയണം
‘ ഫൈനലിന്‍റെ ദിവസം ഞാന്‍ അവളോടെന്‍റെ പ്രണയം പറയും"
അവന്‍ ഫോണ്‍ കട്ട് ചെയ്തു.
       എനിക്കിപ്പോള്‍ അവന്‍റെ മനസ് കാണാം, നയനയെ കാപ്സ്്ലോക്കിലോക്കില്‍ കുടുക്കിയിടണം. നയന ശ്യാമിന്‍റെ രണ്ടാമത്തെ പാത്രസൃഷ്ടിയാണ്. വാന്‍ കൂപ്പര്‍ പാതിവഴിയില്‍ നില്‍പ്പുണ്ട്. ബാസിത്തിന്‍റെ നന്പര്‍ കിട്ടിയിട്ടും, ഇതുവരെ വിളിച്ചില്ല, ശ്രമിച്ചില്ല എന്നതാണ് സത്യം.
       ഇന്നലെ ഓഫിസില്‍ വച്ച് സന്തോഷ് പറഞ്ഞതനുസരിച്ച്, caps lock മുന്നോട്ട് കൊണ്ടുപോകാന്‍ വാന്‍കൂപ്പറും വെടിയൊച്ചകളും അനിവാര്യമാണ്.
എന്‍റെ സംശയങ്ങള്‍ നിരത്തി ബാസിത്തിന് ഒരു മെസേജ് അയച്ചു.
മെസേജ് പോയിത്തീരും മുന്പ് ശ്യാമിന്‍റെ മേസേജ് വന്നിടിച്ചു.

‘ sachin tendulkar will score 122 runs against australia
me and nayana going to enjoyyy. ദൈവത്തിന് സെഞ്ചുറിയില്‍ സെഞ്ചുറി "

       വൈകിട്ട് ഗായത്രിയെവിളിക്കണം അവളിപ്പോള്‍ വെറ്ററന്‍സ് ഗെയിമിന്‍റെ തിരക്കിലായിരിക്കും.
മായമ്മയും അങ്കിളും സുഹൃത്തുക്കള്‍ക്കൊപ്പമായിരിക്കും. ഇന്നിനി ഒന്നുമെഴുതുന്നില്ല. കഥയുടെ ക്ലൈമാക്സ് എന്തായിരിക്കും ? സന്തോഷ് ചോദിച്ചതുപോലെ കഥയിപ്പോഴും തുടങ്ങിയിട്ടില്ലലോ ? ഇനിയും ഒരുപാട് പേര്‍ വേണം, ഗ്യാലറി നിറയെ കഥാപാത്രങ്ങള്‍. കളിക്കൊടുവിലും കഥ തീരരുത്. മൊബൈല്‍ സ്വിച്ചോഫ് ചെയ്ത് ഉറങ്ങാന്‍ കിടന്നു.
      ആരവങ്ങളുടെ മധ്യത്തില്‍ പിച്ചില്‍‍ മുഖം പൊത്തിയുറങ്ങി. കഥയുടെ അടക്കം പറച്ചിലുകള്‍ ബൗണ്ടറി കടക്കുന്നത് ഞാനറിയുന്നുണ്ട്. ഗ്യാലറി നിറയെ പരിചിതമുഖങ്ങളാണ്. ശ്രീവല്‍സിനും ഗായത്രിക്കും നടുവില്‍ ഞാനിരിക്കുന്നു. എന്‍റെ ലാപ്ടോപ്പില്‍ അപരിചിതമായ കുറെ പേരുകള്‍ പട്ടിക തിരിച്ചെഴുതിയിരിക്കുന്നു. അവര്‍ക്ക് സമാന്തരമായി മറ്റൊരു പട്ടിക. കുറച്ച് കഴി‍ഞ്ഞപ്പോള്‍ ശ്യാം എന്‍റെയരികില്‍ വന്നിരുന്നു. ഒരു ഫൈനല്‍ മല്‍സരത്തിന്‍റെ ആവേശമൊന്നും ശ്യാമിന്‍റെ മുഖത്ത് ഞാന്‍ കണ്ടില്ല. പട്ടികയില്‍ ഞാനവന്‍റെ പേരും കണ്ടു. അവന് സമാന്തരമായി നയനയാണുള്ളത്.
        പതിനാറാം ഓവര്‍ എറിയാനായി മുരളീധരന്‍ തയ്യാറെടുക്കുന്നതിനിടെ അശോക് അങ്കിള്‍ വാന്‍കൂപ്പറിനടുത്ത് ചെന്നിരുന്നു. മുരളിയൂടെ പന്ത് സച്ചിന്‍ മിഡ്്വിക്കറ്റിലൂടെയുയര്‍ത്തി. മൈതാനമധ്യം കടന്ന് പന്ത് ആകാശം തൊട്ടു. കാഴ്ചയുടെ വെയില്‍ വെട്ടത്തില്‍ നിന്ന് ബൗണ്ടറി തൊടാതെ പന്ത് ഗ്യാലറിയിലേക്ക്. ഒരു കണ്ണിറുക്കത്തിന്‍റെ ഇടവേളയെ ഉണ്ടായിരുന്നുള്ളു പന്ത് ലാപ്ടോപിന്‍റെ കീ ബോര്‍ഡില്‍ വന്നുവീണു.
          സച്ചിന്‍റെ സിക്സറിനൊപ്പമുയര്‍ന്ന ഗ്യാലറിയിലേക്ക് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. കണ്ണുതുറന്നപ്പോള്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നില്ല. കീബോര്‍ഡിലെ കറുത്ത കാപ്സ്്ലോക്കില്‍ പന്തിന്‍റെ പോറലുണ്ടോയെന്ന് നോക്കി. നാളെ ഇന്ത്യ ഓസ്ട്രേലിയ ക്വാര്‍ട്ടറാണ്. സച്ചിനും മുരളിധരനും ഫൈനല്‍ കളിക്കാന്‍ കാത്തിരിക്കണം.
.................................
Letter from basith

‘ sory for the delay I have send a detail mail to you
got u r I D from Facebook, pls go through...."

    മെയില്‍ ബോക്സില്‍ അവന്‍ അറ്റാച്ച് ചെയ്ത PDF ഫയലില്‍ 3 ഫോട്ടോകളും മലയാളത്തിലെഴുതിയ ഒരു നീണ്ട കുറിപ്പുണ്ടായിരുന്നു.
    ഫോട്ടോയിലുണ്ടായിരുന്നവരെയാരെയും എനിക്ക് പരിചയമില്ല. ആണ്‍മുഖങ്ങളായത് കൊണ്ട് വലിയ വ്യത്യാസം എനിക്ക് തോന്നിയില്ല. താഴെ ബാസിത്ത് ഇങ്ങനെ എഴുതി

‘ dear,

   നിന്‍റെ സംശയത്തിനുപുറകില്‍ കഥയാണെന്ന് മനസിലായപ്പോള്‍ എനിക്ക് തോന്നിയ ഒരാശയമാണ് ഈ എഴുത്തും ഫോട്ടോകളും. ബ്ലോഗ് ഞാന്‍ വായിച്ചു കാപ്സ്്ലോക്ക് കൊള്ളാം. ലോകകപ്പിന് സമാന്തരമായി ഒരെഴുത്ത്. നിന്‍റെ അഞ്ച് സുഹൃത്തുക്കളില്‍ ശ്യാമിനെയും ഗായത്രിയെയും എനിക്കറിയാം, ശ്യാമിനെ കുന്നിപറന്പത്തെ ഉല്‍സവത്തിന് നിനക്കൊപ്പം കണ്ടിട്ടുണ്ട്. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ തുന്പിക്കൈയിലിരുന്ന് അവനെടുത്ത ഫോട്ടോ ഇപ്പോഴും എന്‍റെ ആല്‍ബത്തിലുണ്ട്.
     പിന്നെ ഗായത്രി, അവളുടെ ജെയിംസ് എന്‍റെ ഫ്രന്‍ഡായിരുന്നു, ബാഡ്്ലക്ക്. ഞായറാഴ്ചകളിലെ കൊതിക്കൂട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അവനും അവളും.
     ഇനി ആകെയുള്ളത് ഏഴ് കളികള്‍ മാത്രം. അതിനിടയില്‍ നമ്മുടെ ചിന്തകള്‍ക്കപ്പുറത്തുള്ള
ചിലകാര്യങ്ങള്‍ സംഭവിക്കുമെന്ന് എന്‍റെ മനസ് പറയുന്നു. ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക അവലാതികളായി ഇതിനെ കാണരുത്.

ചില സ്വപ്നങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടവയാണ്.
ചിലരുടെ സ്വപ്നങ്ങള്‍ നമ്മെ തിരഞ്ഞുവരും.
ചിലത് തിരുത്തപ്പെടും. ചിലര്‍ക്ക് കൂട്ടിരിക്കാന്‍ നമുക്ക് കഴിയും
ഒറ്റപ്പെട്ടുപോയ തുരുത്തിന്‍റെ ധ്യാനമാണ് സ്വപ്നം

 3 ഫോട്ടോകളില്‍ ആദ്യത്തേതാണ് വാന്‍കൂപ്പര്‍.
  ഇംഗ്ലണ്ടിലെ ലോഡ്സില്‍ ജനനം ഇപ്പോള്‍ 57 വയസായി.  എത്രകോടിയുടെ ആസ്തിയുണ്ടെന്ന് തിട്ടപ്പെടുത്താന്‍ പ്രയാസം. കുടുംബത്തെക്കുറിച്ച് അറിവില്ല. കുതിരപന്തയത്തില്‍ പാളിപ്പോയ ജീവിതം. വാതുവെയ്പ്പിന്‍റെ ലഹരി പിടിച്ച് ക്രിക്കറ്റിലെത്തി. ഒരു നിമിഷം കൊണ്ട് തെറ്റിപ്പോവുന്ന മനസാണ് ആ മനുഷ്യന്‍റേത്. ഇടയ്ക്ക് നടത്തുന്ന വേഷപ്രച്ഛന്നങ്ങള്‍ അത്തരം നിമിഷങ്ങളുടെ തുടര്‍ച്ചയാണ്. ശ്യാമിന് മുന്നില്‍ സ്റ്റുവര്‍ട്ടായി അവതരിച്ചപ്പോള്‍ അയാള്‍ക്ക് മുന്‍വിധികളൊന്നുമുണ്ടായിരുന്നില്ല. ജീവിതത്തില്‍ പ്രത്യേകിച്ച് പ്രതീക്ഷകളോ സ്വപ്നങ്ങളോ ഇല്ലാതിരിക്കുന്പോള്‍ ഉണ്ടാവുന്ന മൗനങ്ങള്‍, അതിന്‍റെ പൊട്ടിത്തെറികള്‍. അത്രമാത്രം.വാന്‍കൂപ്പറിപ്പോള്‍ സ്വതന്ത്രനാണ്. അയാളിപ്പോള്‍ എവിടെയാണെന്നറിയില്ല.

    ബാക്കിയുള്ള 2 പേരെക്കുറിച്ച് ഊഹങ്ങള്‍മാത്രമേയുള്ളു. പിന്നെ എന്തുകൊണ്ട് ഞാനീ ചിത്രങ്ങള്‍ നിനക്കയക്കുന്നുവെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. ഒരു ചിന്തയ്ക്ക് തുടക്കമിടാന്‍ എന്ന് വേണമെങ്കില്‍ പറയാം.

    വാന്‍കൂപ്പറിന് രണ്ടാമതായുള്ളവന്‍റെ പേര് വ്യക്തമല്ല. കൂപ്പറിന്‍റെ നാട്ടുകാരനാണെന്നറിയാം. ഗോവയില്‍ നടന്ന ഒരു നൈറ്റ് പാര്‍ട്ടിക്കിടയിലെടുത്ത പടമാണിത്. ചിത്രത്തിലെ അവ്യക്തത ജീവിതത്തിലുമുണ്ട്. പണത്തെക്കുറിച്ച് ചിന്തിക്കേണ്ടതേയില്ല. ആവശ്യത്തിലധികമുണ്ട്.

    മൂന്നാമന്‍ പേരില്‍ സത്യസന്ധനാണ്. ആയാസ് . ആറു വര്‍ഷം മുന്പ് സ്വന്തംകല്യാണപ്പാര്‍ട്ടിക്കിടെയെടുത്ത പടമാണിത്. ഒരു ബിസിനസുകാരനെ വളര്‍ത്തുന്നതും തളര്‍ത്തും പണമാണ്.
    ഈ മൂന്നുപേരും എന്‍റെ മുന്നില്‍ വരുന്നത് കള്ളപ്പണം വഴിയാണ്. ഇത്തരക്കാരുടെ ജീവിതം ഒരൊഫീഷ്യല്‍ കൗതുകമാണെനിക്ക്. മൂന്ന് പേരുടെയും ജീവിതത്തെ സമപ്പെടുത്തുന്ന ചിലതുണ്ട്. എന്‍റെയറിവില്‍ കഴിഞ്ഞ കുറച്ച് കാലമായി മൂവരും ഒരുമിച്ചാണ് യാത്രകള്‍. പണം ഒരു പരിധിവരെ അധികാരമാണ്. ചോദിക്കുന്നതെന്തും തരും. ഓരോ ഉത്തരങ്ങളും പുതിയ ചോദ്യങ്ങളിലേക്ക് കൊളുത്തും. കൊതിതീരാതെ തുടരും. അത്തരം ചില ശ്രമങ്ങളിലാണ് മൂവരും. നൈറ്റ് പാര്‍ട്ടികളും ബാറുകളും വെടിയൊച്ചകളും ഇനിയും കേള്‍ക്കാം. ഒരു സൈക്കോളജിക്കല്‍ സാധ്യതകൂടി പറയട്ടെ, ജീവിതത്തില്‍ ഇനിയൊന്നും നേടാനില്ലെന്ന് തോന്നുന്പോഴുണ്ടാവുന്ന ശൂന്യതയുണ്ടല്ലോ അത് സഹിക്കാവുന്നതിലുമപ്പുറമാണ്.

     So pls forward these picturers to your friends. വാന്‍ കൂപ്പറെ ഗ്രൗണ്ടില്‍ വച്ചുകണ്ടാല്‍ മാറിനടക്കുക.
അവസാനമായി ഞാനാദ്യമേ പറയാനുദ്ധേശിച്ചത് പറയാം. പണമുണ്ടാക്കാന്‍ ഒരു പാട് വഴികളുണ്ട്. അതിലൊന്നായി ഈ മൂന്നുപേരെ വേണെങ്കില്‍ കാണാം, ആ അര്‍ഥത്തില്‍ വാന്‍കൂപ്പര്‍ ഒരവസരവുമാണ്. പണത്തിനപ്പുറത്തെ ജീവിതം തേടുന്നവര്‍ക്ക് കെണിയൊരുക്കുക ബുദ്ധിമുട്ടാണെങ്കിലും....... "

    അവന്‍ കുത്തുകളില്‍ നീട്ടിയവസാനിപ്പിച്ച കത്തില്‍ നിന്ന് നിങ്ങള്‍ക്കെന്തെങ്കിലും മനസിലായോ, എന്‍റെ വായനയില്‍ കാര്യങ്ങള്‍ അവ്യക്തമാണ്. ഞാന്‍ മുന്നുപേരുടെയും പടം എല്ലാവര്‍ക്കും മെയില്‍ ചെയ്തു. ഒരു മുന്നറിയിപ്പും വച്ചു. Try to avoid vancooper.

     ബാസിത്തിന്‍റെ കത്ത് അപൂര്‍ണമാണെന്നുറപ്പാണ്. അവന്‍ സ്വപ്നങ്ങളെക്കുറിച്ച് പറ‍ഞ്ഞതെന്തിനാണ്. അവന്‍റെ എഴുത്തിന്‍റെ കരുത്ത് എന്‍റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നു. ഞാനറിയുന്ന ബാസിത്തിന് ഇങ്ങനെ പറയാന്‍ കഴിയില്ല. ഒന്നുറപ്പിക്കാം Caps lock ല്‍ ഈ മുന്ന് പണക്കാര്‍ക്കൊപ്പം ബാസിത്തുമുണ്ടാകും
..................
India vs austraia
     
‘ നവീന്‍, പ്രിയവംദയുടെ അരികിലിരുന്ന് സച്ചിന്‍ പവലിയനിലേക്ക് മടങ്ങുന്നത് കണ്ടു. ബിഗ്സ്ക്രീനില്‍ ഷോണ്‍ടെയ്റ്റിന്‍റെ പാദം ക്രീസിന്‍റെ അതിര്‍ത്തിവര തൊടുന്നത് കാണിച്ചുകൊണ്ടേയിരുന്നു. സച്ചിന്‍ പുറത്തായതിനുശേഷം നവീനിനെ എന്നെയേല്‍പിച്ച് പ്രിയംവദ പുറത്തേക്ക് പോയി. നവീനിന്‍റെ മനസ് ഷോണ്‍ ടെയ്റ്റിന് നോബോള്‍ വിധിക്കുന്ന തിരക്കിലായിരുന്നത് കൊണ്ട് പ്രിയംവദയെ ശ്രദ്ധിച്ചില്ല."

    പുതുമകളൊന്നുമില്ലാത്തത് കൊണ്ട് ഞാന്‍ ശ്രീവല്‍സിനോട് നിര്‍ത്താന്‍ പറഞ്ഞു. കളി കഴിയട്ടെ എന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു...
    ക്രിക്കറ്റ്, ഗ്യാലറികള്‍ക്കുള്ള കളിയല്ലെന്നാണ് എന്‍റെ പക്ഷം ഓഫിസിലെ ക്രിക്കറ്റ് കവലയിലിരുന്ന് കൂട്ടമായി കളികാണുന്നതിന് ഒരു സുഖമുണ്ട്. ഫുട്ബോള്‍ ലോകകപ്പ് കാലത്താണ് ബിഗ്സ്ക്രീനിലെ കളിക്കാഴ്ചയ്ക്ക് തുടക്കമിട്ടത്. വിക്കറ്റ് വീഴുന്നതിനിടയിലെ ചര്‍ച്ചകള്‍. നേരാംവണ്ണം ബാറ്റ് പിടിക്കാനറിയില്ലെങ്കിലും സച്ചിനെവരെ കളിപഠിപ്പിക്കുന്ന വിരുതുകള്‍. എല്ലാ രസവും ധോണി മടങ്ങിയതോടെ തീര്‍ന്നു. ലോകകപ്പ് അവസാനിക്കുകയാണ്. ഗായത്രിയുടെ ധര്‍മസേന നടത്തിയ പ്രവചനം ഇന്ത്യ ക്വാര്‍ട്ടറില്‍ തോല്‍ക്കുമെന്നാണ്. തോറ്റാല്‍ കളി കാണാന്‍പോയവരെല്ലാം നാട്ടിലേക്ക് മടങ്ങും,
caps lock അവസാന ഓവറുകളിലേക്ക് കടക്കുകയാണെന്ന എന്‍റെ സന്ദേഹങ്ങളിലേക്ക് ശ്യാമിന്‍റെ മെസേജ് വന്നു
‘ dont worry, we will win this. its yuvies WC"
       മെസേജ് വായിച്ചു തീരുന്നതിനിടെ യുവരാജ് സന്ദേഹങ്ങളെ ബൗണ്ടറികടത്തി.
പതിനൊന്ന് വര്‍ഷവും പതിനൊന്ന് മാസവും നീണ്ട ഓസ്ട്രേലിയയുടെ ലോകകപ്പ് ആധിപത്യം അവസാനിക്കാന്‍ ഇനി 11 റണ്‍സുകൂടിയെന്ന് രവിശാസ്ത്രി കമന്‍ററി പറയുന്പോള്‍ ഇന്ത്യ പാക്് പോരാട്ടത്തെക്കുറിച്ചായിരുന്നു ക്രിക്കറ്റ് കവലയില്‍ ചര്‍ച്ച.
        തലതാഴ്ത്തിയിരിക്കുന്ന റിക്കിപോണ്ടിങ്ങിന്‍റെ മുഖം കണ്ട് ഇന്ത്യയുടെ ജയം ഞങ്ങളാസ്വദിച്ചു.
ഇനി പാക്കിസ്ഥാനുമായി സെമിഫൈനല്‍. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയാറിലെ ലോകകപ്പില്‍ അജയ് ജഡേജ വഖാര്‍ യൂനിസിനെ തച്ചുതകര്‍ത്തതിനെക്കുറിച്ചാരോ പറഞ്ഞപ്പോള്‍ അശോക് അങ്കിളിനെ ഓര്‍ത്തു. അങ്കിളിനെ വിളിച്ചാല്‍ വടിവൊത്ത പത്രഭാഷയില്‍ കളി കേള്‍ക്കാമായിരുന്നു. പക്ഷെ വിളിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. ഗായത്രി മുംബൈയിലെത്തിയിട്ടില്ല. ചെന്നൈയിലെ വെറ്ററന്‍സ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനദാനമാണിന്ന്. അവള്‍ ഈ ലോകകപ്പ് കഴിഞ്ഞാലും നാട്ടിലെത്തുമെന്ന് തോന്നുന്നില്ല.
ഇന്ത്യയുടെ സെമിപ്രവേശം ശ്യാം ഒരു മെസേജിലൊതുക്കി.
‘ Dum Dum ponting...pakisthan is neXt "
അവന്‍റെ പഞ്ചാബി പ്രണയത്തിന് Caps lockന്‍റെ ആശംസകള്‍.
........................
This time not for africa

     ന്യൂസിലന്‍ഡിന്‍റെ സെമിപ്രവേശം ഞാന്‍ കണ്ടിട്ടില്ല. ചെന്നൈയില്‍ നിന്നും മായമ്മ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരുത്തരമാവുന്നില്ല.
     മനുവും സമീറും ലോകകപ്പ് കാണാന്‍ പോവുമെന്ന് എന്നോട് പറഞ്ഞിരുന്നില്ല. നാട്ടില്‍ വച്ചുള്ള എന്‍റെ പരിചയം വച്ച് രണ്ടുപേരും ക്രിക്കറ്റ് കാണാന്‍ താല്‍പര്യമുള്ളവരുമല്ല. ചെന്നൈയില്‍ ജോലികിട്ടിയിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. ഇപ്പോള്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ക്കൊപ്പം രണ്ടുപേരും കസ്റ്റഡിയിലാണ്. ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടാണെന്ന് മാത്രമെ മായമ്മയ്ക്കറിയൂ. അശോക് അങ്കിളിന്‍റെ പരിചയത്തിലുള്ള സുഹൃത്തുവഴിയാണ് ഇത്രയുമറി‍ഞ്ഞത്. നാട്ടിലന്വേഷിച്ചപ്പോള്‍ വീട്ടുകാരൊന്നുമറിഞ്ഞിട്ടില്ല. അവരൊന്നുമറിയരുത്.

      മനുവിനെ ശ്യാമിനറിയാം. എം.ബി.എയുടെ ആദ്യ സെമസ്റ്റര്‍ ഒരുമിച്ചാണ് പഠിച്ചത്. പിന്നെ മനു വഴിമാറുകയായിരുന്നു. ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക മല്‍സരം കാണാന്‍ ശ്യാമും നയനയും പോയിട്ടുണ്ട്. മുംബൈയില്‍ നിന്നും ഫ്ളൈറ്റിന് പറന്നു. കളികഴിഞ്ഞ ഉടന്‍ ദക്ഷിണാഫ്രിക്കയുടെ ചരമത്തില്‍ അവന്‍റെ അനുശോചന സന്ദേശം വന്നു. മനുവിന്‍റെ കാര്യം ഞാനവനോട് സൂചിപ്പിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അവന്‍റെ സ്വഭാവം വച്ച് അതിലപ്പുറമൊന്നും പ്രതീക്ഷിക്കാനില്ല.
     വിന്‍ഡീസ് ഇന്ത്യ മല്‍സരം കഴി‍ഞ്ഞിട്ട് ഇന്നേക്ക് അഞ്ച് ദിവസം. അന്നു രാത്രി നൈറ്റ് പാര്‍ട്ടിക്കിടെ ഒരു പെണ്‍കുട്ടിയെ കാണാതാവുന്നു. നാലു ദിവസത്തെ അന്വേഷണത്തിനുശേഷം മനുവും കൂട്ടരും പിടിയിലാവുന്നു. ഇപ്പോള്‍ അങ്കിള്‍ സുഹൃത്തുക്കള്‍ വഴി അവരെ ജാമ്യത്തിലിറക്കാനുള്ള ശ്രമത്തിലാണ്. എനിക്ക് മനസിലാവാത്ത കാര്യം മായമ്മയും അങ്കിളും എന്തിനാണ് മനുവിന്‍റെ പിറകില്‍ പോവുന്നതെന്നാണ് ?
.......................
What next ?

എന്‍റെ എല്ലാ പ്രൊജക്ടുകളിലും തലപൊക്കുന്ന ചോദ്യമാണിത്. Caps lockനു മുന്നിലും ഞാനാ ചോദ്യം തൂക്കിയിടുന്നു.
ബാസിത്തടക്കം കളികാണാന്‍ പോയ എന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം What next എന്ന ചോദ്യം എസ്.എം.എസ്. അയച്ചു
ഒരു മണിക്കൂറിനിടെ എല്ലാവരുടെയും മറുപടിയുണ്ടായി.

Basith
wait for my next mail. The big.... Story
..............
Shyam
dont worry man caps lock is ready, the true lock
..............
Mayyamma & ashok uncle
Indians will dooooo
..............
Sreevals menon
എല്ലാ കഥയിലും ഒരു വില്ലനും നായകനുമുണ്ട്.
വഴിതെറ്റിയ നായകനും തെറ്റിദ്ധരിക്കപ്പെട്ട വില്ലനും എന്‍റെ കൂടെയുണ്ട്
വെളിപ്പെടുത്താന്‍ പറ്റാത്തത് കൊണ്ടാണ്. നാളെ ഞാന്‍ വിളിക്കാം.
ഇന്ത്യ പാക് സെമിക്ക് മുന്പുള്ള ബ്ലോഗ് പോസ്റ്റില്‍ എല്ലാം വ്യക്തമാക്കാം
...............
gayathri
ഞാനിപ്പോള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നു.
Its because of you.....
i have a plan. I dont know, am wright or wrong.
But india demands it. A change is inevitable.
...................

To be continude..

2 comments:

  1. ലോകരുചികൾ തിളക്കുകയാണ്... നമുക്കു ചുറ്റും... നിന്റെ എഴുത്ത് ആ ഇന്ത്യയുടെ ഒരു കൊള്ളാഷ് ആയി വളരാൻ ഉള്ള ലക്ഷ്ണങ്ങൾ കാണിച്ചു തുടങ്ങുന്നു... ക്രിക്കറ്റ് അതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു രൂപകമായി കാണാനാണ് എനിക്കിഷ്ടം...

    ReplyDelete