No game, candy, gayathri
ഒരു ക്രിക്കറ്റ് ലോകകപ്പ് മല്‍സരത്തിനിടെ അഞ്ചുപേരുടെ അനുഭവങ്ങള്‍ പറയുന്പോള്‍ അതിലൊരു തുടര്‍ച്ചയുണ്ടാകുമോ ?
സന്തോഷ് തികച്ചും ന്യായമായ സംശയമാണ് ഉന്നയിച്ചത്. ഈ നോവല്‍ Concept അവനോടാണ് ആദ്യമായി പറഞ്ഞത്, ഓഫിസിലെ നൈറ്റ് ഷിഫ്റ്റിനിടെ. പക്ഷെ അന്നു രാത്രിതന്നെ അവന് സംശയത്തെ സ്വയം തിരുത്തി.
" തുടര്‍ച്ചകളും സസ്പെന്സുകളും സ്ഥിരം ക്ലീഷേകളുമില്ലാതെ പറയുന്നതിലും ഒരു Challenge ഉണ്ട്. Go heddddd "
ഇപ്പോള്‍ എഴുത്തിന്റെ രണ്ടാം ഘട്ടത്തിലെത്തിനില്ക്കുന്പോള് സന്തോഷിനെ വിളിച്ച് എന്റെ ആശങ്കകള്‍ പങ്കുവയ്ക്കണമെന്നുണ്ട്. അത് എഴുത്തിന്റെതല്ല. ശ്യാമും ശ്രീവല്‍സ് മേനോനും ഇതുവരെ വിളിച്ചിട്ടില്ല. ശ്യാം ഫോണ്‍ എടുക്കുന്നില്ല , ശ്രീവല്‍സ് മേനോന് കന്നടയില്‍ പരിധികപ്പുറത്താകുന്നു. എനിക്ക് മറ്റാരെയും വിളിക്കാന്‍ തോന്നിയില്ല.
പ്രിയംവദയെ കഥയ്ക്ക് പുറത്തു നിര്‍ത്തണമെന്ന് പറഞ്ഞ് ശ്രീവല്‍സ് എവിടെ പോയിരിക്കും.
ശ്യാമിന്റെ അവസാന മെസേജെത്തിയത് ഒരു ബാറില്‍ നിന്നാണ്.
അവന്റെ മെസേജ് വീണ്ടും വായിക്കുന്നതിനിടെ ഗായത്രി വിളിച്ചു. അവള് വീണ്ടും ശ്രീലങ്കയിലെത്തി, കാന്‍ഡിയില്‍.
" ഡാ നീ ദ കപ്പ് കണ്ടിട്ടുണ്ടോ ?, തിബറ്റന്‍ ആശ്രമത്തിലെ കുട്ടികളുടെ ഫുട്ബോള്‍ ഭ്രമത്തെക്കുറിച്ച് പറയുന്ന സിനിമ."
ധര്മസേനയെക്കുറിച്ച് പറയാനായിരുന്നു അവള് ദ കപ്പിന്റെ കഥ പറഞ്ഞത്. അവളുടെ പരിചയപ്പെടുത്തല്‍ കേട്ടപ്പോള്‍ ധര്‍മസേന ഒരു സൂത്രവാക്യമാണെന്ന് തോന്നി. ഒരു കെട്ടുകഥയുടെ സുഖം.
" ബോധി വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ഡക്്വര്‍ത്ത് ലൂയിസിന്റെ മഴകണക്കുകള്‍ കൂട്ടുന്പോഴാണ് കൊച്ചു ധര്‍മസേനയ്ക്ക് ഐസ്ക്രീം കഴിക്കാന്‍ ബോധോധയം ഉണ്ടായത്. ഐസ്ക്രീമിന് ശേഷം മുഖം തുടച്ച് ഡക്്വര്‍ത്ത് ലൂയിസിലേക്ക് വീണ്ടും തിരിഞ്ഞു. ഞാന്‍ അവന്റെയടുത്ത് ചെന്നിരുന്നു.
ഒരു അപരിചിതമായ ചിരിയില്‍ ഞങ്ങള്‍ പരിചയപ്പെട്ടു. ഞാന്‍ ലോകകപ്പ് കാണാനെത്തിയെന്നറിഞ്ഞപ്പോള് കൊച്ചു ബുദ്ധന്റെ ബോധം പ്രകാശവലയം തൊട്ടു.
ഡക്്വര്‍ത്ത് ടേബിള്‍ നോക്കി അവന് ചോദിച്ച സംശയങ്ങള്‍ എനിക്ക് മനസിലായില്ല. ( അവനേത് ഭാഷയില്‍ പറഞ്ഞാലും ഗായത്രിക്ക് മനസിലാവില്ലെന്ന് എനിക്കുറപ്പാണ് )
ഇംഗ്ലീഷില്‍ സംസാരിച്ചത് കൊണ്ട് പിന്നീടവന് പറഞ്ഞ കാര്യമെല്ലാം എനിക്ക് ബോധ്യപ്പെട്ടു. ഞാനവന് എന്റെ കയ്യിലുണ്ടായിരുന്ന പാക്കിസ്ഥാന് ന്യൂസിലന്‍ഡ് മല്‍സരത്തിന്റെ ടിക്കറ്റ് കൊടുത്തു. അവന് ലങ്കയുടെ കളി കാണണമെന്നുണ്ട്. മേല്വിലാസമില്ലാത്തവന് ടിക്കറ്റയച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ട്് കാര്യമില്ലല്ലോ??
അവന്റെ പ്രവചനം പാക്കിസ്ഥാന് ശ്രീലങ്ക ഫൈനലാണ്. ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്താകും. കൊച്ചു ദൈവത്തിന്റെ ക്രിക്കറ്റ് കന്പം കണ്ടപ്പോ എനിക്ക് ചിരിപൊടിഞ്ഞു.
ഞാനവനോട് പ്രാര്‍ഥനയെക്കുറിച്ച് ചോദിച്ചു.
പ്രാര്‍ഥന ഒറ്റപ്പെടലാണ്, മുത്തയ്യ മുരളീധരന്റെ ബോളിങ് ആക്ഷന്‍ പോലെ അതെപ്പോഴും സംശയമുണര്‍ത്തും, പക്ഷെ എതിരാളികളെ കണ്ണടപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. ദൈവത്തോടുള്ള അവിഹിതമായ സംയോഗം.
കാന്‍ഡിയിലെ പ്രശസ്തമായൊരു ബുദ്ധക്ഷേത്രത്തിന് അഭിമുഖമായിരുന്നാണ് പത്ത് വയസ് മാത്രം തോന്നിക്കുന്ന ക്രിക്കറ്റ് ബുദ്ധന് വലിയ കാര്യങ്ങള്‍ പറയുന്നത്. നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ അവനിതിനകം ആള്ദൈവമായേനെ. ക്രിക്കറ്റായത് കൊണ്ട് കോര്‍പറേറ്റുകള്‍ കണക്കൊപ്പിക്കാനെത്തുമെന്നുറപ്പ്. ആറ് മന്ത്രമുള്ള ഒരോവര്‍ പ്രാര്‍ഥന. അതിന് ശേഷം ബ്രേക്ക്. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവനില്‍ ദൈവം കൂടിയിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. ഞാനവനിലേക്ക് തന്നെ തിരിച്ചെത്തുമെന്നും എനിക്ക് തോന്നി."
(ഗായത്രി വലിയ കാര്യങ്ങളെന്ന് പറഞ്ഞ കാര്യങ്ങള്‍ വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളെല്ലാം എനിക്കും തോന്നി. പരിധിവിട്ടുപോകുന്ന ചിന്തകള്‍. പക്ഷെ അവള്‍ക്കങ്ങനെയൊരു കഴിവുണ്ട്, ഉള്ളടക്കങ്ങളില്‍ അവള് വ്യത്യസ്തയാണ്)
ക്രികറ്റില്‍ വാതുവെയ്പ്പുണ്ടോയെന്ന ചോദ്യത്തോടെ ഗായത്രി ധര്മസേനയൊത്തുള്ള പരീക്ഷണം നിര്‍ത്തി. അവന്റെ മറുപടി വിചിത്രമായിരുന്നു.
"യുദ്ധത്തില്‍ ചതിയുണ്ട്, ജയിക്കാന്‍ വേണ്ടിയുള്ള സത്യമുള്ള ചതി. ക്രിക്കറ്റ് ഒരു കാഴ്ച മാത്രമാണ്. കണ്ണിറുക്കി കാണിക്കലാണ് ഈ കള്ളപ്പന്തയം. എതിരാളികള്‍ ഒത്തുചേര്‍ന്ന് കാഴ്ചക്കാരനെ തോല്പിക്കുന്ന കണ്കെട്ട് വിദ്യ."
അവള് ഫോണ്‍ വച്ചതിന് ശേഷം ഞാന്‍ ഓഫീസിലെത്തി സന്തോഷിനെ കണ്ടു. ശ്രീവല്‍സ് മേനോനും ശ്യാമും വിളിക്കുമെന്നവന് ആശ്വസിപ്പിച്ചു. സുഹൃത്തിനെയാണോ കഥാപാത്രത്തെയാണെ നീ Miss ചെയ്യുന്നതവന്‍ ചോദിച്ചു. (സുഹൃത്തുക്കളെയാണെന്ന് ഞാന്‍ മനസില്‍ ഉറക്കെ പറഞ്ഞു ) ധര്‍മസേനയെ ഗായത്രി ഉള്ക്കൊണ്ടില്ലെന്നായിരുന്നു സന്തോഷിന്റെ അടുത്ത പരാതി. ധര്‍മസേനയുടെ വീടിന് ഒരു കഥ പറയാനുണ്ടാവും. അവനിനിയും ഒരുപാട് പറയാനുണ്ട്. നീ കണ്ടെത്തിയ സുഹൃത്തുക്കളെല്ലാം പൂര്ണതയില്ലാത്തവരാണ്, ക്രിക്കറ്റെന്താണെന്നും അവര്‍ക്കറിയില്ല. അവന് വിമര്‍ശിച്ച് കാടുകയറുന്നതിനിടെ ഞാന്‍ സ്വല്പം കനത്തില്‍ ഗുഡ്ബൈ പറഞ്ഞു. ഒരര്‍ഥത്തില്‍ അവന് ശരിയാണ് ഒരുപാട് നല്ലകളികള്‍ അവരാരും കണ്ടില്ല. ഗായത്രിയും ശ്രീവല്സ്മേനോനും ക്രിക്കറ്റ് ബോറടിയാണ്. കളിയറിയാവുന്ന ശ്യാമാവട്ടെ കഥകളൊന്നും തരുന്നില്ല. After all അവരാരും കഥയുണ്ടാക്കാന്‍ പോയവരല്ലോ ?
Me- run out
സന്തോഷ് പറഞ്ഞതില്‍ ചില ശരികളുണ്ടെന്ന ബോധ്യത്തില്‍ ഞാന്‍ ബ്ലോഗിന് മുന്നിലിരുന്നു. എഴുത്ത് തപ്പിത്തടയുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പാഡഴിച്ചു. ലോകകപ്പില്‍ നിന്നും മാറി നില്ക്കാമെന്നുറച്ചു. ഒരു ടീ ബ്രേക്കിന് ശേഷം തിരിച്ചെത്താം, എഴുത്തൊഴിഞ്ഞു നിന്ന വൈകുന്നേരങ്ങളില്‍ മായമ്മയും അശോക് അങ്കിളും എന്നെ വിളിച്ചു കൊണ്ടിരുന്നു. പക്ഷെ അറ്റന്‍ഡ് ചെയ്തില്ല. കളി കണ്ടില്ല. ഓഫിസിലെ തിരക്കുകള്‍ ചോദിച്ചു വാങ്ങി. ശ്യാമും ശ്രീവല്‍സ് മേനോനും വിളിച്ചാല്‍ ഫോണെടുത്ത് ദൗത്യം നിര്ത്തുകയാൡണെന്ന് പറയണം. വെറുതെ സസ്പെന്‍സ് സൃഷ്ടിച്ച് സ്വയം ഒറ്റപ്പെടാന്‍ എന്തുകൊണ്ടോ പറ്റുന്നില്ല.
India england / shyam
എഴുത്ത് നിര്‍ത്തിയിട്ട് ആറുദിവസം കഴിഞ്ഞു. പാക്കിസ്ഥാന് കാനഡയോട് കഷ്ടിച്ച് രക്ഷപ്പെട്ട ദിവസം രാത്രി വൈകി ശ്യാം വിളിച്ചു.
‘ I am on the way.... man, finished. Enough is enough"
അവന് മദ്യപിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്, പറയുന്നതൊന്നും വ്യക്തമല്ല.
അരമണിക്കൂര്‍ നീണ്ട സംസാരത്തില്‍ ക്രിക്കറ്റൊഴിച്ചെല്ലാമുണ്ടായിരുന്നു. ബാംഗ്ലൂരില്‍ ഇന്ത്യക്ക് സമനില തെറ്റിയ രാത്രി അവന് സ്റ്റുവര്ട്ടിനൊപ്പമായിരുന്നു. ഇംഗ്ലണ്ട് ക്യാപ്ടന് ആന്‍ഡ്രൂ സ്ട്രൗസിന്റെ നാട്ടുകാരന്.
" സച്ചിന്റെ സെഞ്ചുറി ഗാലറികളില്‍ തീര്‍ത്ത ആരവത്തിനിടെ, മിക്സ് ചെയ്ത കോലയ്ക്ക് ചിയേഴ്സ് പറഞ്ഞായിരുന്നു സ്റ്റുവര്‍ട്ടിന്റെ ഷെയ്ക്ക് ഹാന്‍ഡ്. ഒരു തടിയന് സായിപ്പ്. ഞാനാദ്യമായാണ് ഒരു സായിപ്പിന്റെ കൂടെ വിദേശമദ്യം രുചിക്കുന്നത്. സ്റ്റുവര്‍ട്ട് കോലയില്‍ ചേര്‍ത്ത മദ്യത്തിന്റെ ബ്രാന്‍ഡ് വരെ പറഞ്ഞു.
കേരളമാണ് ജന്മദേശമെന്ന് പറഞ്ഞപ്പോ കമ്മ്യൂണിസ്റ്റ് കാരനാണോന്ന് ചോദിച്ചു ?. ഞാന്‍ അഭിമാനപൂര്‍വം No എന്നു പറഞ്ഞു (ഇവിടെ ഒരിടപെടല്‍ ആവശ്യമാണ്, ശ്യാമിന്റെ കണ്ണില്‍ ഇടതുപക്ഷമെന്നാല്‍ എന്തും സൈദ്ധാന്തികമായി വളച്ചൊടിക്കുന്ന വിഭാഗമാണ്. എം.ബി.എ പഠിച്ചപ്പോള്‍ പറ്റിയ പരുക്കുകള്‍) ഒടുവില്‍ സച്ചിന്റെ സഞ്ചുറിക്ക് ആന്‍ഡ്രൂ സ്ട്രോസ് മറുപടി പറഞ്ഞ സന്തോഷം തീര്‍ക്കാന്‍ സ്റ്റുവര്‍ട്ട് ആ രാത്രി സ്പോണ്സര് ചെയ്യാമെന്നേറ്റു.
ബാറിന്റെ മൂന്നാം നിലയിലിരുന്ന് ഞങ്ങള്‍ സ്വബോധത്തിന്റെ സമനിലതെറ്റിച്ചു. സ്മിരണോഫില് തുടങ്ങി ഷിവാസ് റീഗലില് അവസാനിച്ച വിരുന്ന്. മദ്യം ഒരു മാനസികാവസ്ഥ മാത്രമാണെന്ന നിന്റെ സിദ്ധാന്തം വിശ്വസിച്ചുപോയ നിമിഷങ്ങളായിരുന്നു പിന്നീട്.
അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ രണ്ടുപേരെയും പൊലീസെത്തി കൊണ്ടുപോയി. പ്രശ്നങ്ങളെങ്ങനെ തുടങ്ങിയെന്ന് വ്യക്തമല്ല. ഞങ്ങള്‍ക്ക് പിന്നിലായി ഇരുന്ന രണ്ടുപേര്‍ സ്റ്റുവര്ട്ടിനോടെന്തോ പറഞ്ഞു. അടുത്ത നിമിഷം ഒരു വെടിയൊച്ച കേട്ടു. സ്റ്റുവര്‍ട്ടിന്റെ ഉന്നം ലഹരിയിലകപ്പെട്ട് പോയുത് കൊണ്ട് ചുവിലുറപ്പിച്ചിരുന്ന ഒരു ഡിംലൈറ്റ് മാത്രമെ അണഞ്ഞുള്ളു.
പൊലീസ് സ്റ്റേഷനില്‍ ആറു ദിവസം കിടന്നു, ഒടുവില്‍ പൊലീസ് സൂപ്രണ്ടിന്റെ ചോദ്യം ചെയ്യലില്‍ എന്റെ ഉത്തരങ്ങളുടെ നിഷ്കളങ്കത തെളിഞ്ഞു. മടങ്ങുന്പോള് ലാപ്ടോപ് തിരിച്ചുകിട്ടിയില്ല. സംശയങ്ങളൊന്നുമില്ലെങ്കിലും അവര്ക്കെന്തെങ്കിലുമൊന്ന് ഒതുക്കണം. "
സ്റ്റുവര്ട്ടെവിടെയെന്ന എന്റെ ചോദ്യത്തിന് അവനുത്തരമില്ലായിരുന്നു. സ്റ്റേഷനിലെത്തിച്ച് രണ്ടാംദിവസം അയാളെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. പൊലീസൊന്നും പറഞ്ഞില്ല.
ബാംഗ്ലൂരില്‍ നിന്നും മടങ്ങുന്നവഴിയില്‍ ശ്രീവല്‍സ് മേനോനെ അന്വേഷിക്കാന്‍ ശ്യാമിനോട് പറയണമെന്നുണ്ടായിരുന്നു, ഈ സാഹചര്യത്തില്‍ അതുവേണ്ടെന്ന് തോന്നി. ശ്യാം നാട്ടിലേക്ക് മടങ്ങുന്നതോടെ Caps lock അടഞ്ഞുതന്നെ കിടക്കുമെന്നുറപ്പായി.
.............................
Windies bangladesh -/ mayamma & ashok uncle
മൊബൈലിലെ കോള്‍ ലിസ്റ്റ് നോക്കി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഒരു ശീലമുണ്ടെനിക്ക്. ഉറങ്ങാതിരിക്കുന്ന പതിനെട്ട് മണിക്കൂറിനിടെ 52 കോളുകള്‍ അതില്‍ 16 മിസ് കോള്‍. രാവിലെ മുതല്‍ ഉച്ചവരെ 21 എണ്ണം. അങ്ങനെ കോള്കണക്കുകളില് കോര്‍ത്തിട്ട് ഒരു ജീവിതം. ചിലപ്പോള്‍ ചില വിളികള്‍ ഓര്മകളിലുണ്ടാവില്ല. കഴിഞ്ഞ ആറു ദിവസത്ത കണക്കെടുത്തപ്പോള്‍ മായമ്മ എന്നെ 120 തവണ വിളിച്ചു. ശരാശരി നോക്കിയാല്‍ ഒരുദിവസം 20 കോള്‍. എഴുത്ത് നിര്‍ത്തുകയാണെന്ന് പറയാന്‍ വിഷമമുള്ളത് കൊണ്ട് ഫോണെടുത്തിരുന്നില്ല. ശ്യാം മടങ്ങുന്നതോടെ ഇനിയവസാനിപ്പിക്കാമെന്നുറപ്പിച്ച് ഞാന്‍ മായമ്മയെ വിളിച്ചു. അശോക് അങ്കിളാണ് ഫോണെടുത്തത്.
" വിന്‍ഡീസ് ബംഗ്ലാദേശിന്റെ വരിഞ്ഞുകെട്ടി, പഴയപ്രതാപകാലസ്മരണകള് ഉണര്‍ത്തിയ പ്രകടനം. വാല്‍ഷിനും ആംബ്രോസിനും ശേഷമുണ്ടായ വരള്‍ച്ച നീങ്ങി. ബംഗ്ലാകടുവകള്‍ സ്വന്തം മണ്ണില്‍ പൂച്ചകളായി. വെറും 59 റണ്‍സിന് ഓള് ഔട്ടായി. ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം" ( അങ്കിളിന് പത്രത്തിലെ സ്പോര്‍ട്സ് കോളങ്ങള്‍ വായിക്കുന്ന ശീലമുണ്ട്, പിന്നെ ടീവിയിലെ ക്രിക്കറ്റ് ചര്‍ച്ചകളും. എന്നോട് സംസാരിക്കുന്പോള്‍ ഇത്തരം പ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ അങ്കിള്‍ പ്രത്യേകം ശ്രദ്ധിക്കും. ക്ലീഷേ.... എന്ന് പറഞ്ഞാല്‍ കുറവായിപ്പോകും.)
ഞാന്‍ ഇത്രയും ദിവസം എന്തുകൊണ്ട് ഫോണെടുത്തില്ലെന്ന് ചോദിക്കാന്‍ മായമ്മയുടെ കൈയില്‍ ഫോണ്‍ കിട്ടേണ്ടി വന്നു.
ഞാന്‍ നോവല്‍ ൡഅവസാനിപ്പിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ മായമ്മ കൂടുതലൊന്നും ചോദിച്ചില്ല. എന്നത്തേയും പോലെ ഒരു ശ്രമം കൂടി പാതിവഴിയില്‍ അവസാനിക്കുന്നു. എൡന്റെയാത്രകള്ക്കൊന്നും തുടര്ച്ചകളുണ്ടാവാറില്ല.
ഫോണ്‍ വയ്ക്കുമുന്പ് അശോക് അങ്കിള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട കളികളെക്കുറിച്ച് കണക്കൊപ്പിച്ച് പറഞ്ഞു തുടങ്ങി.
എല്ലാം വിരസമായ കളികള്‍. നെടുനീളന്‍ പ്രസംഗത്തിനൊടുവില്‍ ഫിക്സ്ചറിന്റെ കാര്യത്തില്‍ ഐ.സി.സിക്ക് പിഴവ് പറ്റിയെന്നൊരു വിമര്‍ശനവും. നാട്ടില്‍ ഇലക്ഷന് കാലമാണ് ഇങ്ങനെ പ്രസംഗിക്കാനാണെങ്കില്‍ ധാക്കയില്‍ പോയി വെയില് കൊള്ളേണ്ടതില്ലെന്ന് പറയാന്‍ തോന്നി. പക്ഷെ ആ മനുഷ്യന് നിഷ്കളങ്കമായൊരു മുഖമുണ്ട്. അതുകൊണ്ട് തന്നെ മറിച്ചൊന്നും പറഞ്ഞില്ല.
ധാക്ക വിടും മുന്‍പ് മായമ്മയും അങ്കിളും മിര്‍പൂര്‍ സ്ട്രീറ്റിലെ ബംഗ്ലാ ടേസ്റ്റി റസ്റ്റോറന്റില്‍ കയറി ബിരിയാണികഴിച്ചു,
ചില രുചികള്‍ നാവില്‍ കടിച്ച് കണ്ണടച്ചാല്‍ നാടുകാണാം, മായമ്മ ധാക്കയിലിരുന്ന് കുറ്റിപ്പുറത്തെ രുചി റസ്റ്റോറന്റിലേക്ക് കൈനീട്ടി. മായമ്മ ബിരിയാണിബന്ധത്തിന്റെ ചരിത്രം വിളന്പുന്നതിനിടെ അങ്കിള്‍ ഫോണ്‍ പിടിച്ചുവാങ്ങി, ബിരിയാണിയുടെ എരിവിലേക്ക് അങ്കിള്‍ വാന്കൂപ്പറെ പിടിച്ചിട്ടു.
" വാന്കൂപ്പറിനെ പൊലീസ് പിടിച്ചു. ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡ് അട്ടിമറിച്ച ദിവസം. ബാംഗ്ലൂരില്‍ കളികഴിഞ്ഞ് ഹോട്ടലിലെത്തിയപ്പോള്‍ ഒരു ഫോണ്‍കോള്‍, നമ്മുടെ അഹമ്മദ്ക്കയുടെ മകന് കസ്റ്റംസ് ഡിപ്പാര്‍ട്മെന്റില്‍ ജോലി ചെയ്യുന്ന ബാസിത് അലിയായിരുന്നു. നാലു പൊലീസുകാര്‍ക്കൊപ്പം നില്ക്കുന്ന ഒരു തടിയന് സായിപ്പിന്റെ പടവുമായി ബാസിത് മുറിയിലേക്ക് വന്നു. മായമ്മ ഉറപ്പിച്ചു അത് വാന്‍കൂപ്പര്‍ തന്നെ.
ഇയാള്‍ നെതര്‍ലന്‍ഡ് ഇംഗ്ലണ്ട് മല്‍സരം കാണാനെത്തിയിരുന്നോ ? നിങ്ങളുടെ കൂടെയുണ്ടായിരുന്നയാള്‍ തന്നെയാണിതെങ്കില് അന്ന് അങ്കിള്‍ സംസാരിച്ചതെന്ത് ? ഞാനെല്ലാം പറഞ്ഞു.എന്തോ കൂടുതലൊന്നും ചോദിക്കാന്‍ തോന്നിയില്ല "
അങ്കിള്‍ ഫോണ്‍ വച്ചപ്പോള്‍ മനസൊരു ചോദ്യം ചിഹ്നം പോലെ എഴുന്നേറ്റു നിന്നു. ക്രിക്കറ്റെന്തന്നറിയാത്തവനായി അവതരിച്ച വാന്‍കൂപ്പറും ശ്യാമിന് മുന്നില്‍ ആന്‍ഡ്രൂ സ്ട്രൗസിന്റെ നാട്ടുകാരനായെത്തിയ സ്റ്റുവര്‍ട്ടും ഒരാള്‍ തന്നെയായിരുന്നോ ?.
ഒരു പക്ഷെ വിരസമായ ഒരു ലോകകപ്പിനെ നോവലാക്കാന്‍ തുനിഞ്ഞതിന്റെ Frustruation കൊണ്ടായിരിക്കാം എനിക്കിത്തരം കുബുദ്ധികള്‍ തോന്നുന്നത്. എന്റെ സംശയങ്ങളുടെ ഉന്നം ശരിയാണെങ്കില്‍ രണ്ട് വെടിയുണ്ടകളും നല്ല കളികണ്ട രണ്ട് മല്‍സരങ്ങളും ആരുടെയോ മുഖം മറച്ച് പിടിക്കുന്നു. ബാസിത്തിന് എല്ലാമറിയാം. പക്ഷെ എന്റെ സംശയങ്ങള്‍ ഞാനെങ്ങനെ അവതരിപ്പിക്കും
India-ireland /sreevals menon /banglore
ടീവിയില്‍ യൂസഫ് പഠാന്റെ മൂന്നാമത്തെ സിക്സര്‍ ഗ്യാലറിയിലെത്തിയതിന്റെ റിപ്ലേ കാണിക്കുന്പോഴാണ് ശ്രീവല്‍സ് മേനോന് വിളിക്കുന്നത്. അവിടെ ആരവമൊടുങ്ങിയിട്ടില്ല. ശ്രീവല്‍സ് ഉറക്കെ പറഞ്ഞു.
" കളി കഴിഞ്ഞിട്ട് വിളിക്കാം എഴുത്തിന് തടയണകളില്ല. Caps lock ലെ പ്രധാന കഥാപാത്രത്തെ ഇന്നുരാത്രി ഞാന്‍ നിനക്ക് തരാം. നവീന്‍ ".
അയര്‍ലന്റിനെതിരെ ഇന്ത്യ ജയിച്ചു. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനപുറത്തെ ആള്‍ക്കൂട്ടത്തില്‍ നിന്നുമാറിശ്രീവല്സ് മേനോന് വിളിച്ചു. അവനിതുവരെ ൡഎവിടെയായിരുന്നുവെന്ന് ഞാന്‍ ചോദിച്ചില്ല. പ്രിയംവദയ്ക്കും മകന് നവീനുമൊപ്പം കളി കാണാന്‍ എത്തുന്പോള്‍ അവനെന്നെ വിളിക്കണമെന്ന് ഉറപ്പിച്ചിരുന്നു.
" എഴുത്ത് ബുദ്ധിയുടെ രതിയാണ്. മനസിന്റെ അകലങ്ങള്ക്കുള്ളില് നിന്ന് നമ്മോട് സംവദിച്ചുകൊണ്ടിരിക്കുന്നതെന്തും എഴുതണം. Capslock മുന്നോട്ട് പോവേണ്ടത് എന്നിലൂടെയാണെന്ന് എനിക്ക് തോന്നുന്നു. പ്രിയംവദയും നവീനും എല്ലാം പറയും. നീയും ഞാനുമൊന്നും ഒന്നുമല്ലടോ.. ജീവിതം വലുതാവുന്നതും ചെറുതാവുന്നതും ഒരോ നിശ്ചയങ്ങളാണ്. ഒരു സ്ത്രീയുടെ സാധ്യതകളെ നിശ്ചയിക്കുന്നത് അവളുടെ സൗന്ദര്യമാവുന്പോഴാണ് പുരുഷന്മാര് ബോറന്മാരായി മാറുന്നത്. അന്പതോവര് മല്‍സരത്തിനിെട ഗ്രൗണ്ടിനുപുറത്ത് നടക്കുന്ന പവര്‍പ്ലേകള്‍. പ്രിയംവദയുടെ നെറ്റിത്തടത്തില്‍ കാറിന്റെ ഹാന്ഡിലിടിച്ച ചതവ് കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ പറ്റിയില്ല. അവളുടെ ഉത്തരം നീണ്ടില്ല.. പണം കൊടുത്തുറപ്പിക്കുന്ന രതിചോദനകളില് തിടുക്കത്തിന്റെ തടവുകള്‍ മുഴച്ചു നില്ക്കും. മൈതാനഭംഗിയുടെ ആസ്വാദനത്തിനിടെ ചിലര്‍ കണ്ണിറുക്കികാട്ടും, ചിലപ്പോള്‍ നേരത്തെ വിളിച്ച് ബുക്കുചെയ്യും. നാലുവര്‍ഷം മുന്‍പ് ആദ്യ ഐ.പി.എല്‍ സീസണിലാണ് ക്രിക്കറ്റിലവള് വിപണി കണ്ടെത്തിയത്. മുന്തിയ കാറുകള്‍ പ്രത്യേകം സജ്ജീകരിക്കുന്നവരുണ്ട്. സമയം കഴിഞ്ഞാല്‍ ഡ്രൈവറിരിക്കുന്ന കസേരയില്‍ വച്ചിരിക്കുന്ന പണമെടുത്ത് സ്റ്റേഡിയത്തിലേക്ക് പോകാം, അടുത്ത കണ്ണേറിനായി. അവളുടെ ഭൂതവും വര്ത്താമാനവും പ്രസക്തമാവരുതെന്ന നിര്‍ബന്ധം എനിക്കുണ്ട് .
കോല കുടിച്ചാല്‍ സച്ചിനാവുമോയെന്ന് മകന് ചോദിച്ചപ്പോള്‍ പ്രിയംവദ അബ്ദുള്‍ കലാമിനെ വായിച്ചുകൊടുത്തു. സ്വപ്നങ്ങളുടെ അഗ്നിച്ചിറകുകളുമായി അവന് ബാറ്റേന്തുന്നു. ഞാനിതിനുമുന്പ് മുംബൈയിലെ ചേരികളില്‍ സ്വപ്നങ്ങള്‍ കോര്‍പറേറ്റ് വല്‍ക്കരിക്കപ്പെട്ടുപോയ കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ നവീനിന്റെ കാര്യത്തില്‍ എനിക്കെന്തുകൊണ്ടോ ?, നിന്റെയറിവില്‍ ഏതെങ്കിലും ക്രിക്കറ്റ് അക്കാദമികളുണ്ടോ ? "
ഫോണ്വയ്ക്കുന്നതിന് മുന്‍പ് പ്രിയംവദയെ എഴുതണമെന്ന് അവന് ആവര്‍ത്തിച്ചു പറഞ്ഞു.
അവന്റെ അനുവാദമില്ലാതെ തന്നെ പ്രിയംവദ വായിക്കപ്പെട്ടുവെന്ന് കുറ്റബോധം കൊണ്ട് ഞാന്‍ പറഞ്ഞില്ല. മകനൊപ്പം ലോകകപ്പ് കാണാനിറങ്ങിയ പ്രിയവംദയുടെ ഇടവേളകളെക്കുറിച്ച് ഞാനെന്തെഴുതണമെന്ന് അവന് പറഞ്ഞില്ല. അയര്‍ലന്‍ഡിനെതിരെ സച്ചിന് മുപ്പത്തിയെട്ട് റണ്‍സെടുത്ത് പുറത്തായതിന്റെ കുഞ്ഞുവേവലാതികള് പങ്കുവച്ച് നവീന്‍ വിടപറഞ്ഞു. ശ്രീവല്‍സ് മേനോന് പറഞ്ഞില്ലെങ്കിലും അവന്റെ മുഖമിപ്പോള്‍ എനിക്ക് കാണാം.
India-/ holland/ unknown message
ഡല്‍ഹിയില്‍ നെതര്‍ലന്റിനെതിരെ ഇന്ത്യ ജയിച്ചദിവസം Face bookല്‍ ഒരു മെസേജ് വന്നു...
"
Hi,
I am,.... ആരെങ്കിലുമാവട്ടെ
ൡഎഴുത്തിനെക്കുറിച്ചറിഞ്ഞാണീ പ്രതികരണം. ഇത്രയും കാലമായിട്ടും നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായില്ലെ ?
ഈ കളിയില്‍ അനിശ്ചിതത്വമൊന്നുമില്ല, എല്ലാം സുനിശ്ചിതമാണ്. പറഞ്ഞുറപ്പിച്ച ഫലങ്ങള്‍, വാതുവെയ്പ്പുകാര്‍ക്ക് വേണ്ടിയാണ് നമ്മുടെ നാട്ടില്‍ കളി നടക്കുന്നത്. വിക്കറ്റില്‍ വീഴുന്നത് ലക്ഷങ്ങളാണ്. "
ഞാനയാളോട് തിരച്ചൊരു ചോദ്യം ചോദിച്ചു
നിങ്ങള്‍ക്ക് തെളിവുകളുണ്ടോ ?
ഒരു മണിക്കൂറിനുള്ളില്‍ രസകരമായൊരു മറുപടി വന്നു
" ഞാന്‍ സ്കോര്‍ബോര്‍ഡ് നോക്കി വാതുവെയ്പ് നടന്നിട്ടുണ്ടോയെന്ന് പറയും.
അത് Probability അടിസ്ഥാനമാക്കിയുള്ള ഒരു സൂത്രവാക്യമാണ്.
ഇന്ത്യ ഹോളണ്ട് മല്‍സരത്തിലും സംശയങ്ങളുണ്ട്.. ഇന്ത്യ ജയിച്ചെങ്കിലും എന്റെ തിയറി വച്ച് ചില പ്രത്യേക ഘട്ടങ്ങളില്‍ ഇന്ത്യ സംശയത്തിന്റെ നിഴലിലാണ്.. "
ഞാന്‍ മറുപടി അയച്ചില്ല.
ഇന്ത്യയുടെ ആത്മാവ് ഇത്തരം അഭിപ്രായസ്വാതന്ത്ര്യങ്ങളിലാണ്. അയാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ. അയാളുടെ Facebook എക്കൗണ്ടിന് പേരുണ്ടായിരുന്നില്ല. ഒരു വെളുത്ത വൃത്തം മാത്രമെ ഉണ്ടായിരുന്നുള്ളു. മറഞ്ഞിരിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു കൗതുകമുണ്ട്.
India / sauthafrica/ sreevals menon, shyam, gayathri
ക്യൂവില്‍ ഞാന്‍ പതിനാലാമനാണ്. എറണാകുളത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് പുറപ്പെടാന്‍ ഇനി കഷ്ടിച്ച് ഏഴ് മിനിറ്റ് മാത്രം. റണ്‍റേറ്റിന്റെ സിദ്ധാന്തമനുസരിച്ച് എനിക്ക് ടിക്കറ്റ് കിട്ടണമെങ്കില്‍ ഒരു മിനിറ്റില്‍ രണ്ടുപേര്‍ക്ക് ടിക്കറ്റ് നല്‍കണം. മുപ്പത് സെക്കന്റില്‍ ഒരു ടിക്കറ്റെന്ന റണ്റേറ്റിനൊപ്പമെത്താന് കൗണ്ടറിലിരിക്കുന്ന മെലിഞ്ഞ മനുഷ്യന് പറ്റുമെന്ന് എനിക്ക് വിശ്വാസമില്ല. ഈ വണ്ടി പോയാല്‍ പിന്നെ ആറരയ്ക്ക് ഹാപ്പ എറണാകുളം സൂപ്പര്ഫാസ്റ്റുണ്ട്
ശ്യാം
പറഞ്ഞതനുസരിച്ച്അവനിപ്പോള് തിരിച്ചെത്തിയിട്ടുണ്ടാവണം. ഓഫിസില്‍ സ്വല്പം വൈകിയാലും കുഴപ്പമില്ല അവനെ കാണണം. നവീനെ സഹായിക്കാന്‍ ശ്യാമിന് സാധിച്ചേക്കാം. അവന്റെയറിവില്‍ ആരെങ്കിലുമുണ്ടാവുമോ ?
മറുപടി പറയാനെന്നവണ്ണം ശ്യാം വിളിച്ചു.
" to be frank capslockന് ഒരു കഥയായി. Its realy interesting, ഒരു prostitute മകനെ ക്രിക്കറ്ററാക്കാന്‍ ആഗ്രഹിക്കുന്നു. "
അവന്റെ സഹായം ആവശ്യമുള്ളത് കൊണ്ട് മാത്രം ഞാന്‍ മറിച്ചൊന്നും പറഞ്ഞില്ല.
"അക്കാദമിയുടെ കാര്യമെല്ലാം ലോകകപ്പ് കഴിഞ്ഞാല്‍ ശരിയാക്കാം. പിന്നെ ഞാന്‍ തല്ക്കാലം മടങ്ങുന്നില്ല കളി കഴിയട്ടെ . ഇന്നത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ മല്‍സരം നിര്‍ണായകമാണ് ഇന്ന് ജയിച്ചില്ലെങ്കില്‍ കളി മാറും "
അവന്റെ ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ടിക്കറ്റെടുത്തു. ആറരയ്ക്കുള്ള ഹാപ്പ എറണാകുളം സൂപ്പര്‍ഫാസ്റ്റിന്
നാഗ്പൂരില്‍ സച്ചിന് തൊണ്ണൂറ്റിയൊന്‍പതാം സെഞ്ചുറിയടിച്ചത് നവിനും പ്രിയംവദയും കണ്ടു. രാജ്യം അവര്‍ക്കൊപ്പം സച്ചിനെ ആസ്വദിച്ചു. ധോണിയുടെ വാലറ്റം ഇന്ത്യയെ മുന്നൂറിനകത്ത് നിര്‍ത്തിയതിന്റെ വിഷമം തീര്‍ക്കാന്‍ ശ്യാം അപ്പോള്‍ തന്നെവിളിച്ചു.
" its realy shame man, നിന്റെ നോവല്‍ ക്വാര്‍ട്ടറിലെത്തുമെന്ന് തോന്നുന്നില്ല. പാവം സച്ചിന് "
അവന്റെ ആവലാതികളെ ബലപ്പെടുത്തി ഇന്ത്യ തോറ്റു. ശ്യാം പതിവുപോലെ ബാറിലെത്തിക്കാണും. അനുഭവങ്ങള്‍ പാഠമാണെന്ന ധാരണയൊന്നും അവനില്ല.ബാറുകള്‍ തോറ്റുപോയരുടെ തലസ്ഥാനമാണെന്നാണ് ശ്യാമിന്റെ വിശ്വാസം. അവസാന ഓവറെറിഞ്ഞ നെഹ്റയെ പഴിച്ച് ഗായത്രി വിളിച്ചു. പിച്ചിന്റെ തച്ചുശാസ്ത്രമൊന്നുമറിയില്ലെങ്കിലും അവള് പറഞ്ഞ കാര്യങ്ങള്‍ ധോണി കേട്ടിരുന്നെങ്കിലെന്ന് തോന്നി.
ശ്രീശാന്തിനവസരം നല്‍കാത്തതില്‍ അവള്‍ക്ക് അമര്‍ഷമുണ്ട്. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ചെറുക്കന്മാരെ ഗായത്രിക്ക് പണ്ടെ താല്പര്യമാണ്.
ഗായത്രിയെ അധികം പറയാന്‍ ഞാന്‍ അനുവദിച്ചില്ല. ശ്യാമെവിടെയാണെന്ന് എനിക്കറിയേണമായിരുന്നു. മൂന്നുതവണ വിളിച്ചിട്ടും മറുപടി കണ്ടില്ല. നാലാമത്തെ ഡയലിങ്ങിനിടെ അവന്റെ നന്പര് എന്നെ വിളിച്ചു, ഒരു പെണ് ശബ്ദത്തില്‍.
" Hai, shyam is driving, will call you later "
നാഗ്പൂരിലെ അറിയാത്ത വഴികളിലൂടെ ഒരു പെണ്ശബ്ദത്തിനൊപ്പം ശ്യാം പോകുന്നത് എവിടേക്കാണ്.
ഞാന്‍ പുതിയ സംശയങ്ങളിലേക്ക് വഴുതുന്നതിനിടെ അവന്റെ മെസേജ് വന്നു
" Now its getting tough. We have to beat windies. "
to be continued..........